/sathyam/media/media_files/2026/02/12/untitled-2026-02-12-09-05-08.jpg)
ഡല്‍ഹി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്റെ മുന്‍ഭാര്യയും യോര്‍ക്കിലെ മുന്‍ ഡച്ചസുമായ സാറാ ഫെര്‍ഗൂസനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ജയില്‍ മോചിതനായി ഒരാഴ്ച തികയും മുന്‍പ് തന്റെ കൗമാരക്കാരായ പെണ്‍മക്കളെയും കൂട്ടി സാറ അദ്ദേഹത്തെ സന്ദര്‍ശിച്ചുവെന്നാണ് പുറത്തുവന്ന പുതിയ ഇമെയില്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയതിനും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് (2009 ജൂലൈയില്‍) സാറയും മക്കളായ ബിയാട്രീസ്, യുജീനി എന്നിവരും എപ്സ്റ്റീനെ സന്ദര്‍ശിക്കാന്‍ യുഎസിലേക്ക് പറന്നത്.
സാറയുടെ ബിസിനസ് പ്ലാനുകളിലും എപ്സ്റ്റീന് പങ്കുണ്ടായിരുന്നുവെന്ന് ഇമെയിലുകള്‍ സൂചിപ്പിക്കുന്നു. അക്കാലത്ത് നേരിട്ടിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എപ്സ്റ്റീന്റെ പക്കല്‍ നിന്നും സാറ വന്‍തുക കടം ചോദിച്ചതായും രേഖകള്‍ പറയുന്നു.
എപ്സ്റ്റീനെ 'സഹോദരന്‍' എന്നാണ് ഒരു ഇമെയിലില്‍ സാറ വിശേഷിപ്പിക്കുന്നത്. മറ്റൊരു സന്ദേശത്തില്‍ തന്നെ എപ്പോള്‍ ജോലിക്ക് എടുക്കുമെന്നും തമാശരൂപേണ ചോദിക്കുന്നുണ്ട്.
ആന്‍ഡ്രൂ രാജകുമാരന്‍ തന്റെ മക്കളുടെ ചിത്രങ്ങള്‍ എപ്സ്റ്റീന് അയച്ചുകൊടുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാറയ്ക്കും എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.
'മദേഴ്‌സ് ആര്‍മി' എന്ന പേരില്‍ സാറ തുടങ്ങാനിരുന്ന ബ്രാന്‍ഡിന്റെ 51 ശതമാനം ഓഹരി എപ്സ്റ്റീന് നല്‍കാന്‍ ആലോചിച്ചിരുന്നു. ഏകദേശം 2,50,000 ഡോളര്‍ ശമ്പളമായിരുന്നു ഈ പദ്ധതിയിലൂടെ സാറ പ്രതീക്ഷിച്ചിരുന്നത്.
എപ്സ്റ്റീനുമായുള്ള സൗഹൃദം വലിയൊരു വീഴ്ചയായിരുന്നുവെന്ന് 2011-ല്‍ സാറ പരസ്യമായി സമ്മതിച്ചിരുന്നു. എങ്കിലും പുതിയ രേഖകള്‍ പുറത്തുവന്നത് രാജകുടുംബത്തെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലൈംഗിക വ്യാപാരക്കേസില്‍ വിചാരണ കാത്തുനില്‍ക്കെ 2019-ലാണ് എപ്സ്റ്റീന്‍ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us