മുംബൈയിൽ മലയാളമണവും മറാഠി കരുത്തും ഒത്തുചേർന്നു; എത്ത്‌നിക് ഫെസ്റ്റ് ഏഴാം സീസൺ സമാപിച്ചു

author-image
സൂര്യ ആര്‍
New Update
8e4f7b93-5144-43e1-917d-abb4c09f8e9e

മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും സാംസ്കാരിക വൈവിധ്യങ്ങളെ ഒരേ നൂലിൽ കോർത്തിണക്കി 2017 മുതൽ മുംബൈയിൽ തുടർച്ചയായി നടന്നുവരുന്ന 'മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്' ഏഴാം സീസൺ വർളി നെഹ്‌റു സയൻസ് സെന്ററിൽ ചരിത്ര വിജയമായി സമാപിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു സയൻസ് സെന്ററും മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ 'അമ്മ'യും (ഓൾ മുംബൈ മലയാളി അസോസിയേഷൻ) സംയുക്തമായി സംഘടിപ്പിച്ച ഈ സാംസ്കാരിക സംഗമം, നഗരത്തിന്റെ ബഹുസ്വരതയുടെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി.

Advertisment

e7dd5eba-a55f-4c47-a95b-5c4a4adc88d6


മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. രവീന്ദ്ര കുൽക്കർണി ഈ സാംസ്കാരിക മഹാമഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുംബൈയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം വൈവിധ്യമാർന്ന സാംസ്കാരിക വിനിമയങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നഗരത്തിന്റെ വളർച്ചയ്ക്കും ദേശീയ ഒരുമയ്ക്കും കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4d5d0855-5f0d-456c-a8df-922023d18c36


ശാസ്ത്രവും കലയും മനുഷ്യപുരോഗതിയുടെ രണ്ട് അവിഭാജ്യ വശങ്ങളാണെന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന നെഹ്‌റു സയൻസ് സെന്റർ ഡയറക്ടർ ഉമേഷ് കുമാർ റുസ്തഗി ചൂണ്ടിക്കാട്ടി. ശാസ്ത്രം സത്യത്തെ അന്വേഷിക്കുമ്പോൾ കല സൗന്ദര്യത്തെ ആവിഷ്കരിക്കുന്നുവെന്നും ഈ സാംസ്കാരിക വിനിമയം ദേശീയ ഐക്യത്തിനുള്ള മികച്ച മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

9dae8e7e-5385-4193-a97c-3c94bc702b45


ഇതൊരു സാധാരണ ആഘോഷമല്ലെന്നും മുംബൈയുടെ വൈവിധ്യത്തെയും ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തെയും ഊട്ടിയുറപ്പിക്കുന്ന പവിത്രമായ നിയോഗമാണെന്നും ഫെസ്റ്റിവൽ ഡയറക്ടറും 'അമ്മ' പ്രസിഡന്റുമായ ജോജോ തോമസ് പറഞ്ഞു. "നൂറുകണക്കിന് വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികളും, സായാഹ്നങ്ങളിൽ അരങ്ങേറിയ കലാപ്രകടനങ്ങളിൽ നൂറുകണക്കിന് കലാകാരന്മാരും അണിനിരന്നത് ഈ ഉത്സവത്തിന്റെ വ്യാപ്തി വിളിച്ചോതുന്നു.

a1a15dcf-f7d7-4792-8486-db2687c09bd5

നെഹ്‌റു സയൻസ് സെന്റർ നൽകിയ സർക്കുലർ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്കായിരുന്നു മത്സരങ്ങളിൽ അവസരം ലഭിച്ചത്. പരിമിതമായ സാഹചര്യങ്ങൾ മൂലം താല്പര്യമെടുത്ത എല്ലാവരെയും ഇതിന്റെ ഭാഗമാക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും, വരും വർഷങ്ങളിൽ ഈ പരിമിതികൾ പരിഹരിച്ച് കൂടുതൽ പേർക്ക് അവസരം നൽകുന്ന രീതിയിൽ ഫെസ്റ്റ് വിപുലീകരിക്കാൻ ശ്രമിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു. കല അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷയാണെന്നും വരുംതലമുറയ്ക്ക് സാഹോദര്യത്തിന്റെ സന്ദേശം പകരാൻ ഈ സംഗമത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

1e7e1e81-504a-467a-84ad-566f621f20f0


മൂന്ന് ദിവസങ്ങളിലായി നടന്ന സാംസ്കാരിക മഹാമഹത്തിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന,  എന്നിവ അരങ്ങേറി. ലാവണി, കോലി ഡാൻസ്, മംഗള ഗൗരി, ഗോന്ധൽ തുടങ്ങിയ മഹാരാഷ്ട്രയുടെ വീര്യം തുളുമ്പുന്ന നൃത്തരൂപങ്ങളും വേദിയിൽ സാംസ്കാരിക പൈതൃകത്തിന്റെ വിസ്മയം തീർത്തു. സ്കൂൾ തലത്തിൽ ഒൻപതോളം വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.

6065f5ac-9a37-4c8d-bd3c-173b1be0a56e

 ഫെബ്രുവരി 21-ന് നടന്ന 'കവി സമ്മേളനം' സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം.ജി. അരുൺ, മുൻ മുംബൈ സർവകലാശാല മുൻ രജിസ്റ്റാർ ഡോ. ദിനേഷ് കാംബ്ലെ, ഹോളി ഏഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സമാപന ചടങ്ങിൽ സംസാരിക്കുകയും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

 പരിപാടിയുടെ വിജയത്തിനായി ജോയി നെല്ലൻ, നിമ്മി മാത്യു, ശീതൾ, ജോബി മാത്യു, പ്രഭാ ആന്റണി, ഉണ്ണിക്കൃഷ്ണൻ ജിജോ ചാക്കോ എന്നിവർ നേതൃത്വം നൽകി. പ്രശസ്ത കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി ചിത്രരചന, രംഗോലി, പൂക്കളം മത്സരങ്ങൾ ഏകോപിപ്പിക്കുകയും വിധിനിർണ്ണയം നടത്തുകയും ചെയ്തു. സിന്ധു നായരായിരുന്നു പരിപാടിയുടെ അവതാരക.

Advertisment