ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ഇത് ‘വ്യാപാര കരാറുകളുടെ മാതാവ്’ എന്ന് യുറോപ്യൻ കമ്മീഷൻ അധ്യക്ഷ

2007-ലാണ് ഈ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും പല കാരണങ്ങളാല്‍ പത്ത് വര്‍ഷത്തോളം തടസ്സപ്പെട്ടു.

New Update
Untitled

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളില്‍ ഒന്നായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു.

Advertisment

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ വലിപ്പവും ആഗോളതലത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനവും കണക്കിലെടുത്ത് 'വ്യാപാര കരാറുകളുടെ മാതാവ്' എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.


ചില സാങ്കേതിക നടപടികള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും ഇരുപക്ഷവും കരാറിന്റെ തൊട്ടടുത്താണെന്ന് ഉര്‍സുല പറഞ്ഞു. 'ലോക ജി.ഡി.പി.യുടെ നാലിലൊന്ന് വിഹിതം വഹിക്കുന്ന, 200 കോടി ജനങ്ങളുള്ള ഒരു വിപണിയാണ് ഈ കരാറിലൂടെ തുറക്കപ്പെടുന്നത്. ഇത് ചരിത്രപരമായ നിമിഷമാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയെയും ഏറ്റവും വലിയ വ്യാപാര ബ്ലോക്കുകളിലൊന്നായ യൂറോപ്യന്‍ യൂണിയനെയും ഈ കരാര്‍ ബന്ധിപ്പിക്കും.

ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയെ വിശ്വസ്തനായ ഒരു പങ്കാളിയായി യൂറോപ്പ് കാണുന്നു.


ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ കയറ്റുമതി വര്‍ദ്ധിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.


2007-ലാണ് ഈ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കിലും പല കാരണങ്ങളാല്‍ പത്ത് വര്‍ഷത്തോളം തടസ്സപ്പെട്ടു. എന്നാല്‍ 2022-ല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും കഴിഞ്ഞ കുറച്ചുമാസങ്ങളായി അതിവേഗം പുരോഗമിക്കുകയുമായിരുന്നു.

അടുത്ത ആഴ്ച ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയതലത്തില്‍ പരിഹരിക്കപ്പെടാനുള്ള പ്രധാന വിഷയങ്ങള്‍ ഈ സന്ദര്‍ശനത്തോടെ തീര്‍പ്പാകുമെന്നും ഈ മാസം അവസാനത്തോടെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

Advertisment