/sathyam/media/media_files/2025/05/07/tp2uDYdu1j3hrPngH0ij.jpg)
ന്യൂഡൽഹി: മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും വിവിധ ക്ഷേമപദ്ധതികളിലൂടെ നൽകുന്ന സാമ്പത്തിക സഹായം 100 ശതമാനം വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ വിവിധ പദ്ധതികൾ വഴി നൽകുന്ന ധനസഹായം ഇരട്ടിയാകും.
നവംബർ ഒന്ന് മുതൽ അപേക്ഷിക്കുന്നവർക്കാണ് പുതിയ നിരക്കിൽ സഹായം ലഭിക്കുക. ഇതിനായി പ്രതിവർഷം 257 കോടി രൂപയാണ് അധിക ചെലവായി പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര സൈനിക ബോർഡ് വഴിയാണ് സൈനിക ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം പെൻഷൻ ലഭിക്കാത്ത മുൻ സൈനികർക്കും വിധവകൾക്കുമുള്ള പെനറി ഗ്രാന്‍റ് പ്രതിമാസം 4000 രൂപയിൽനിന്ന് 8000 രൂപയായി ഉയരും. ആശ്രിതരായ രണ്ട് മക്കൾക്കോ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിധവക്കോ നൽകി വരുന്ന പ്രതിമാസ വിദ്യാഭ്യാസ ഗ്രാന്റ് 1000 രൂപയിൽനിന്ന് 2000 ആകും.
ആശ്രിതരായ രണ്ട് മക്കളുടെ വിവാഹത്തിനോ വിധവ പുനർവിവാഹത്തിനോ നൽകിവരുന്ന 50,000 രൂപയുടെ ധനസഹായം ഒരുലക്ഷം രൂപയാകും. പെൻഷൻ ലഭിക്കാത്ത മുൻ സൈനികരുടെയും വരുമാനമില്ലാത്ത ആശ്രിതരുടെയും സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ധനസഹായം ഉയർത്തിയതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.