ഡല്‍ഹി: ഗുജറാത്തില്‍ വ്യാജ ഡോളര്‍ അച്ചടിച്ചതിന് ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ വ്യവസായി പിടിയില്‍. ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ പൗരന്‍ മൗലിക് പട്ടേല്‍ ഉള്‍പ്പെടെ നാല് പേരെയാണ് ഗുജറാത്ത് പോലീസ് പിടികൂടിയത്.
36 കാരനായ പട്ടേല്‍ ഓസ്ട്രേലിയയിലെ തന്റെ ട്രാന്‍സ്പോര്‍ട്ട് ബിസിനസില്‍ കാര്യമായ നഷ്ടം സംഭവിച്ചതോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. 50 ഓസ്ട്രേലിയന്‍ ഡോളറിന്റെ 151 കള്ളനോട്ടുകള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുമ്പോഴാണ് സംഘം പിടിയിലായത്.
അഹമ്മദാബാദിലെ വത്വ പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വ്യാജ കറന്‍സി റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ നിന്നുള്ള 36 കാരനായ പട്ടേല്‍ 20 വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് താമസം മാറുകയും 2012-ല്‍ ഓസ്ട്രേലിയന്‍ പൗരനാവുകയും ചെയ്തിരുന്നു.
തന്റെ ട്രാന്‍സ്പോര്‍ട്ട് ബിസിനസില്‍ കാര്യമായ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഡോളര്‍ ഇന്ത്യയില്‍ അച്ചടിക്കുക എന്ന ആശയം ഇയാള്‍ മുന്നോട്ടുവക്കുകയായിരുന്നുവെന്ന് അഹമ്മദാബാദ് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്ഒജി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ധ്രുവ് ദേശായി (20), ഖുഷ് പട്ടേല്‍ (24), റോണക് റാത്തോഡ് (24) എന്നിവരാണ് പിടിയിലായ മറ്റുള്ളവരെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.