മധ്യേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് കുടുംബങ്ങളുടെ അപേക്ഷ

ഖത്തറിലെ യു.എസ് ബേസിന് സമീപം താമസിക്കുന്ന ഹരിയാന സ്വദേശിയായ മറൈന്‍ എന്‍ജിനീയര്‍ സുരേന്ദ്ര, മിസൈല്‍ ആക്രമണത്തിന് ശേഷമുള്ള പുകയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചു

New Update
Untitled

ഹൈദരാബാദ്: ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മധ്യേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നു.

Advertisment

ഇതോടെ ഇറാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കുടുംബങ്ങള്‍ രംഗത്തെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഷാക്കര്‍ തന്റെ 15 ബന്ധുക്കള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചു. വെള്ളിയാഴ്ചയ്ക്ക് ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'താമസിക്കുന്ന കെട്ടിടത്തിന് സമീപം സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നും ബങ്കറുകളിലേക്ക് മാറുന്നുവെന്നുമാണ് അവര്‍ അവസാനമായി പറഞ്ഞത്,' ഷാക്കര്‍ ആശങ്ക പങ്കുവെച്ചു.


യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലഖ്നൗവില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, ജിദ്ദ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ ഞായറാഴ്ച മാത്രം 444 വിമാനങ്ങളാണ് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റദ്ദാക്കിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം പ്രതിദിനം 2,000-ത്തോളം യാത്രക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാറുണ്ട്.

പുണെ ഇന്ദിരാഗാന്ധി സര്‍വകലാശാലയിലെ 84 എം.ബി.എ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുകയാണ്. പഠനയാത്രയുടെ ഭാഗമായി എത്തിയ ഇവര്‍ സുരക്ഷിതരാണെങ്കിലും സാഹചര്യങ്ങള്‍ മോശമാകുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. വിദേശകാര്യ മന്ത്രാലയവുമായും ദുബായിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി സര്‍വകലാശാല ഡീന്‍ ഡോ. ജനാര്‍ദന്‍ പവാര്‍ അറിയിച്ചു.

പഞ്ചാബിലെ എസ്.എസ്.ഡി ഗേള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നീരു ഗാര്‍ഗ് കുടുംബത്തോടൊപ്പം ദുബായില്‍ കുടുങ്ങി. ബി.പിക്ക് കഴിക്കുന്ന മരുന്ന് തീര്‍ന്നെന്നും പണം തീര്‍ന്നുപോകുന്നുവെന്നും അവര്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഖത്തറിലെ യു.എസ് ബേസിന് സമീപം താമസിക്കുന്ന ഹരിയാന സ്വദേശിയായ മറൈന്‍ എന്‍ജിനീയര്‍ സുരേന്ദ്ര, മിസൈല്‍ ആക്രമണത്തിന് ശേഷമുള്ള പുകയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


കര്‍ണാടകയിലെ ബല്ലാരിയില്‍ നിന്നുള്ള 32 പേര്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള 1,200 ഓളം വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.


ഇസ്രായേല്‍, ഖത്തര്‍, സിറിയ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം വലയുന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ മരണത്തെത്തുടര്‍ന്ന് പലയിടങ്ങളിലും പ്രതിഷേധങ്ങളും ശക്തമാണ്. ഇന്ത്യന്‍ എംബസികള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment