ഡല്‍ഹി: ജമ്മു കശ്മീരിലെ റിയാസിയില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പരിക്കേറ്റവരുടെ കുടുംബങ്ങള്‍.
റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബസ് ഡ്രൈവര്‍ക്ക് വെടിയേറ്റ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ഭീകരാക്രമണത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ജമ്മുവിലെത്തി.
തന്റെ കുടുംബത്തിലെ എട്ട് അംഗങ്ങള്‍ ജൂണ്‍ 4 ന് കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ബസില്‍ മടങ്ങുമ്പോള്‍ അമ്മാവന്‍ ദേവി പ്രസാദ് ഗുപ്തയാണ് ആക്രമണത്തെക്കുറിച്ച് ഫോണില്‍ വിളിച്ചറിയിച്ചതെന്ന് പരിക്കേറ്റ യാത്രക്കാരില്‍ ഒരാളായ രാജേഷ് ഗുപ്തയുടെ മകന്‍ രാഹുല്‍ ഗുപ്ത പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ക്കും മറ്റ് ആറ് ബന്ധുക്കള്‍ക്കും പരിക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.