ഡല്‍ഹി: ഹരിയാന-പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു.55 കാരനായ കര്‍ഷകനാണ് മരിച്ചത്. വിഷം കഴിച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് സമരഭൂമിയില്‍ നടക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. തര്‍ണ്‍ തരണ്‍ ജില്ലയിലെ പഹുവിന്ദ് സ്വദേശിയായ രേഷാം സിംഗ് എന്ന കര്‍ഷകനാണ് മരിച്ചത്
മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം നടത്തിവരികയാണ്. രേഷാം സിംഗിനെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു.
ദീര്‍ഘകാലമായി സമരം നടത്തിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാരില്‍ രേഷാം സിംഗ് അതൃപ്തനായിരുന്നുവെന്ന് കര്‍ഷക നേതാവ് തേജ് വീര് സിംഗ് പറഞ്ഞു
ഡിസംബര്‍ 18ന് ശംഭു അതിര്‍ത്തിയില്‍ രഞ്‌ജോദ് സിംഗ് എന്ന കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍-പൊളിറ്റിക്കല്‍), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ ബാനറിന് കീഴിലുള്ള കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.