ഡൽഹി: കേന്ദ്ര സർക്കാർ പ്രതിനിധികളുമായി ചണ്ഡീഗഡിൽ നടന്ന മാരത്തൺ ചർച്ചകൾ ഫലം കാണാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് ട്രാക്ടറുകളുമായി പ്രതിഷേധ മാർച്ച് ആരംഭിക്കാനൊരുങ്ങി രാജ്യത്തെ വിവിധ കർഷക യൂണിയനുകൾ.
രാഷ്ട്രീയ ഭേദമന്യെ ഇവരുടെ നേതൃത്വത്തിലാണ് ഇന്ന് 'ദില്ലി ചലോ' കർഷക റാലി നടത്താനൊരുങ്ങുന്നത്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന ഗ്യാരന്റി മോദി സർക്കാർ പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും ഡല്‍ഹിയിലേക്ക് കടക്കുന്ന അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നീക്കങ്ങൾ.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തന്നെ റാലി ആരംഭിക്കുമെന്ന് കർഷക സംഘടനകൾ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഡൽഹി അതിർത്തിയിൽ ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധം നടത്തിയ കർഷകർ, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയിരുന്നു.
ഇന്നലെ രാത്രി ചണ്ഡീഗഡിൽ വച്ച് നടന്ന അവസാനവട്ട കൂടിക്കാഴ്ചയിൽ, കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷിമന്ത്രി അർജുൻ മുണ്ട, കേന്ദ്ര ഉദ്യോഗസ്ഥർ എന്നിവരുമായി സംയുക്ത കിസാൻ മോർച്ച കൺവീനർ ജഗ്ജിത് സിങ് ദല്ലേവാളും, കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി കോ-ഓർഡിനേറ്റർ സർവാൻ സിങ് പന്ദേറും ചർച്ച നടത്തിയിരുന്നു.
ചർച്ചകൾക്ക് മുന്നോടിയായി, ഹരിയാനയിലെയും ഡൽഹിയിലെയും പൊലീസ് തലസ്ഥാനത്തേക്കുള്ള റോഡുകൾ ബാരിക്കേഡ് വച്ച് തടയുകയും റാലി തടയാൻ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. “യോഗത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.
ഞങ്ങളുടെ പ്രതിഷേധം തുടരും, നാളെ രാവിലെ 10 മണിക്ക് ഞങ്ങൾ ഡൽഹിയിലേക്ക് നീങ്ങും," യോഗത്തിൽ നിന്ന് പുറത്തുവന്ന ദല്ലേവാൾ പറഞ്ഞു.