ഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാളെ നടക്കാനിരിക്കുന്ന 'ഡല്‍ഹി ചലോ മാര്‍ച്ച്' നേരിടാന്‍ ഒരു വശത്ത് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കി തിരക്കിലായിരിക്കുമ്പോള്‍ മറുവശത്ത് കര്‍ഷകരും സ്വന്തം മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്.
ഇതിന് മുന്നോടിയായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. ചണ്ഡീഗഡില്‍ കര്‍ഷകരുമായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.
തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 12 ന് കേന്ദ്രം ക്ഷണിച്ചിട്ടുണ്ടെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്ദര്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായ് എന്നീ മൂന്ന് കേന്ദ്രമന്ത്രിമാരാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ചണ്ഡീഗഢിലെത്തുക.
ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് സെക്ടര്‍ 26 ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലാണ് യോഗം.ഫെബ്രുവരി എട്ടിനായിരുന്നു ഈ മൂന്ന് കേന്ദ്രമന്ത്രിമാരുമായുള്ള ആദ്യ കൂടിക്കാഴ്ച.