പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; ലഖ്‌നൗവിൽ പിതാവിനെ വെടിവെച്ചുകൊന്ന് ശരീരം കഷ്ണങ്ങളാക്കി 19-കാരൻ

 കൊലപാതകം നടത്തിയ അതേ ദിവസം തന്നെ പിതാവിനെ കാണാനില്ലെന്ന് കാട്ടി അക്ഷത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

New Update
Untitled

ലഖ്നൗ: പഠിക്കാനായി പിതാവ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതില്‍ പ്രകോപിതനായി 19-കാരന്‍ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം പുറംലോകമറിഞ്ഞത്.

Advertisment

മദ്യവ്യാപാരവും പത്തോളജി ലാബും നടത്തിവന്നിരുന്ന മന്‍വേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷത് പ്രതാപ് സിംഗ് എന്ന രാജ (19) ആണ് പ്രതി.


ഫെബ്രുവരി 20 ന് പുലര്‍ച്ചെ 4:30-ഓടെ പഠനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അക്ഷത് പിതാവിനെ റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. മന്‍വേന്ദ്ര സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


കൊലപാതകത്തിന് ശേഷം ഒരു ഈര്‍ച്ചവാള്‍ ഉപയോഗിച്ച് പിതാവിന്റെ കൈകള്‍ മുറിച്ചുമാറ്റി. ഉടല്‍ വീടിന്റെ താഴത്തെ നിലയിലുള്ള ഒരു ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു. മുറിച്ചുമാറ്റിയ കൈകള്‍ കാറില്‍ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

 കൊലപാതകം നടത്തിയ അതേ ദിവസം തന്നെ പിതാവിനെ കാണാനില്ലെന്ന് കാട്ടി അക്ഷത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഡ്രമ്മിനുള്ളില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.


പിതാവ് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അക്ഷത് ശ്രമിച്ചെങ്കിലും, ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ പിതാവ് നിരന്തരം വഴക്കുപറയാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അക്ഷത് പോലീസിനോട് പറഞ്ഞു.


ഒമ്പത് വര്‍ഷം മുമ്പ് അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. സഹോദരിക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. അക്ഷതിന്റെ ഇളയച്ഛന്‍ ഉത്തര്‍പ്രദേശ് പോലീസിലെ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം ഇതേ വീടിന്റെ രണ്ടാം നിലയിലാണ് താമസമെങ്കിലും കൊലപാതകം നടന്ന ദിവസം നാട്ടിലായിരുന്നു. ബി.കോം വിദ്യാര്‍ത്ഥിയാണ് അക്ഷത്.

Advertisment