ചെന്നൈ: തമിഴ്നാട്ടിൽ നാശംവിതച്ച് ഫിൻജാൽ ചുഴലിക്കാറ്റ്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ മൂന്ന് മരണം. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിലെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വിഴുപ്പുരം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ എന്നിവിടങ്ങളാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തതോടെ ശക്തമായ കാറ്റ് വീശിയടിച്ചു. പലയിടങ്ങളിലും വൈദ്യുതി തൂണുകളും മരങ്ങളും റോഡിൽ തകർന്നു വീണു. ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.
വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് സ്കൂളുകളും കോളജുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചെന്നൈയിൽ പലയിടങ്ങളിലും റെയിൽപാളങ്ങൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ സർവീസുകളും താറുമാറായി.
ചെന്നൈ നഗരത്തിലെ ഏഴ് അടിപ്പാതകൾ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.