ഡല്‍ഹി: ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വലിയ നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും കാരണമായി.
ഹിമാലയന്‍ മേഖലയില്‍ മണ്‍സൂണ്‍ ശക്തമായതോടെ നദികള്‍ കരകവിഞ്ഞൊഴുകുകയും, റോഡുകളും പാലങ്ങളും തകര്‍ന്നതോടെ നൂറുകണക്കിന് നാട്ടുകാരും വിനോദസഞ്ചാരികളും ഒറ്റപ്പെടുകയും ചെയ്തു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇരു സംസ്ഥാനങ്ങളിലെയും നിരവധി ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.
അടിയന്തര പ്രതികരണ സംഘങ്ങള്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് താമസക്കാരും സന്ദര്‍ശകരും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഹിമാചല്‍ പ്രദേശില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 14 മേഘസ്‌ഫോടനങ്ങളും 3 വെള്ളപ്പൊക്കങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
ഇവിടെ 14 പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്കേറ്റു, 30 പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ഇതോടെ ഈ സീസണില്‍ ഹിമാചല്‍ പ്രദേശിലെ മൊത്തം മണ്‍സൂണ്‍ മരണസംഖ്യ 78 ആയി ഉയര്‍ന്നു.