ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയിൽ; 7 പേരുടെ നില ​ഗുരുതരം

New Update
adultered-milk

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ മായം ചേർത്ത പാൽ കുടിച്ച് 15 പേർ ആശുപത്രിയിലായ സംഭവത്തിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ളവരിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. 

Advertisment

വിഷപ്പാൽ ഉപയോഗിച്ചതിനെത്തുടർന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെ നാല് പേർ മരണപ്പെട്ടിരുന്നു. ചിലരുടെ വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായും രണ്ട് പേരുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

ഫെബ്രുവരി 16-ന് വിതരണം ചെയ്ത പാലാണ് ദുരന്തത്തിന് കാരണമായത്. ഒരേ വിതരണക്കാരനിൽ നിന്ന് പാൽ വാങ്ങിയ 110 കുടുംബങ്ങളിലെ 315 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയയുടെ അംശം കണ്ടെത്താനായിട്ടില്ല എന്നത് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നുണ്ട്. 

സാധാരണയായി യൂറിയയുടെ സാന്നിധ്യമാണ് വൃക്കരോഗങ്ങൾക്ക് കാരണമാകാറുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Advertisment