/sathyam/media/media_files/2025/06/01/ZLLSe0UP3rgX8TqRXLQn.jpg)
ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് നടന്ന കാർ സ്ഫോടനത്തിൽ പങ്കുണ്ടെന്നാരോപിച്ച് എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു.
മുഖ്യപ്രതി ഡോ. ഉമർ നബിയുമായി ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണ ഏജൻസി ഇവരെ വിട്ടയച്ചത്.
ഫിറോസ്പൂർ ഝിർക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാൻ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് മോചിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർക്ക് ഉമറുമായും അൽ- ഫലാഹ് സർവകലാശാലയുമായും ബന്ധമുണ്ട് എന്നായിരുന്നു എൻഐഎ ആരോപണം.
എന്നാൽ, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം, നാലു പേരെയും പ്രതി ചേർക്കാൻ ഉതകുന്ന കാര്യമായ തെളിവുകളോ ഡിജിറ്റൽ രേഖകളോ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതോടെയാണ് വിട്ടയയ്ക്കാൻ തീരുമാനിച്ചത്. ഇവരുടെ മോചനം കുടുംബങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, ഇവരെ നിരീക്ഷിക്കുന്നത് എൻഐഎ തുടരും. കസ്റ്റഡിയിലെടുത്ത ഡോക്ടർമാർ നിരപരാധികളാണെന്ന് കുടുംബാംഗങ്ങൾ ഉറപ്പിച്ചു പറഞ്ഞിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള ഏഴ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ നാല് പേരെയാണ് ഇപ്പോൾ വിട്ടയച്ചത്.
ഉപേക്ഷിക്കപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പുതിയ സൂചനകളെ തുടർന്നാണ് കേസന്വേഷണം മേവാത്തിലേക്ക് വ്യാപിപ്പിച്ചത്.
നവംബർ 10ന് വൈകീട്ട് 6.55ഓടെയായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി ഉമർ നബി ആണ് കാറിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
തുടർന്ന്, അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ അടക്കം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലെ ക്രൈംബ്രാഞ്ച് ഉദ‍്യോഗസ്ഥർ സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us