മുംബൈ: ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് യുവതിയെ കബളിപ്പിച്ച് 1.78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിലെ 26 കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായി 1.78 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
നവംബര്‍ 19 നും 20 നും ഇടയിലാണ് സംഭവം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജീവനക്കാരിയായ യുവതിക്ക് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന വ്യക്തികളില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. ബിസിനസുകാരനായ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യുവതിക്ക് പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു.
ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വെര്‍ച്വല്‍ ചോദ്യം ചെയ്യലിനായി നിര്‍ബന്ധിക്കുകയും ചെയ്തു.
വീഡിയോ കോളിനിടെ, ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനായി 1.78 ലക്ഷം രൂപ കൈമാറാന്‍ പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ 'ബോഡി വെരിഫിക്കേഷന്‍' ആവശ്യപ്പെട്ട് വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചു.
നവംബര്‍ 28-നാണ് ഇര സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഭാരതീയ ന്യായ സന്‍ഹിതയിലെ ഒന്നിലധികം വകുപ്പുകള്‍ക്കും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ക്കും കീഴില്‍ കൊള്ളയടിക്കല്‍, ഉപദ്രവിക്കല്‍ എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.