ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണ് സ്വാതന്ത്ര്യം: രാഹുൽ ​ഗാന്ധി

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി

New Update
Rahul Gandhi

ന്യൂഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ​ഗാന്ധി സ്വാതന്ത്ര്യദിന ആശംസ പങ്കുവെച്ചത്.

Advertisment

രാ​ഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘രാജ്യത്തെ എല്ലാ ​ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്കാരത്തിൻ്റെ ശക്തിയാണ്. സത്യം സംസാരിക്കാനുള്ള കഴിവാണ്. സ്വപ്നങ്ങൾ നിറവേറ്റാനുള്ള പ്രതീക്ഷയാണ്.’

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.

Advertisment