ബെംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലധികം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരന്‍ അറിയിച്ചു. പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്നതാണ് പ്രധാനമായ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
ധര്‍മസ്ഥലയിലെ ഒരു ആരാധനാലയത്തില്‍ ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളിയാണ് ഈ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
1998 മുതല്‍ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചുമൂടാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നും, ഇതിന് തെളിവുകള്‍ ഉണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും അടക്കം കുഴിച്ചുമൂടിയതായി ഇയാള്‍ പറയുന്നു.
ആസിഡ് ആക്രമണത്തില്‍ മുഖം പൊള്ളിയ സ്ത്രീയുടെ മൃതദേഹവും കുഴിച്ചുമൂടേണ്ടി വന്നതായി വെളിപ്പെടുത്തി. മൃതശരീരങ്ങള്‍ കണ്ടെത്താന്‍ തന്റെ സാന്നിധ്യത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും, തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
കുടുംബത്തോടൊപ്പം 11 വര്‍ഷത്തിലേറെയായി അയല്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയുകയാണെന്നും, കുറ്റബോധവും ഭയവും കാരണം ഈ വെളിപ്പെടുത്തല്‍ നടത്തുകയാണെന്നും ഇയാള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന് ശുചീകരണത്തൊഴിലാളി ആവശ്യപ്പെട്ടു.
ബെംഗളൂരു അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നിവരുടെ സഹായത്തോടെ പരാതിക്കാരന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഡി.കെ. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ കുമാറിന് സമര്‍പ്പിച്ചത്.
പരാതിക്കാരന്‍ സ്വയം പരാതി നല്‍കാത്തതിനാല്‍, നിയമപരമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സാങ്കേതിക വീഴ്ചയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പോലീസ് പഴുതടച്ച അന്വേഷണം നടത്താന്‍ ശ്രമിക്കുകയാണ്. എല്ലാം നിയമപരമായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടികള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.