ഡല്‍ഹി: ജമ്മു കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ തുരങ്കനിര്‍മാണ സ്ഥലത്തുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തു വന്നു. യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ തോക്കുകളും എകെ 47 ഉം ഭീകരരുടെ കൈവശം ഉള്ളത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ഗഗനീറിനെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോര്‍ തുരങ്കത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മ്മാണ സംഘത്തിന്റെ ഭാഗമായിരുന്നു ഇരകളായ ഏഴ് പേരും.
ടണല്‍ പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും മറ്റ് ജീവനക്കാരും താമസിച്ചിരുന്ന തൊഴിലാളികളുടെ ക്യാമ്പിലേക്ക് ഭീകരര്‍ പ്രവേശിക്കുന്നത് ചിത്രങ്ങളില്‍ കാണാം. ഞായറാഴ്ച രാത്രി ക്യാമ്പിലേക്ക് തൊഴിലാളികള്‍ മടങ്ങിയതിന് ശേഷമായിരുന്നു ആക്രമണം.
ആക്രമണത്തിന് ഒരു ദിവസം കഴിഞ്ഞ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ശ്രീനഗര്‍ നിവാസിയായ ടിആര്‍എഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും സംഘടനയുടെ പ്രാദേശിക മൊഡ്യൂളാണ് ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു.