/sathyam/media/media_files/2025/10/16/gujarat-chief-minister-bhupendra-patel-2025-10-16-17-52-34.jpg)
ഗാന്ധിനഗർ: ഗുജറാത്തിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. നാളെ മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് മന്ത്രിമാരുടെ കൂട്ട രാജി.
ഏഴ് മുതൽ 10 വരെ മന്ത്രിമാരെ നിലനിർത്താൻ സാധ്യതയുണ്ട്. ബാക്കിയുള്ളവർ പുതുമുഖങ്ങളായിരിക്കും. വീണ്ടും മന്ത്രിമാരാകുന്നവരുടെ രാജി ഗവർണർക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിസഭ നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ രാജിവെച്ചത്. ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലും യോഗത്തിൽ പങ്കെടുത്തിരുന്നു.
മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബൻസാൽ യോഗത്തിൽ അറിയിച്ചു.