ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്ധറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്ററാണ് ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണത്.
പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്.
തകര്‍ന്നുവീണതിന് പിന്നാലെ ഹെലിക്കോപ്റ്ററിന് തീപ്പിടിച്ചു. അപകടകാരണം വ്യക്തമല്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഏതാനുപേരെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളിൽ രൂപകല്പന, മെറ്റലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും 325 എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്.