/sathyam/media/media_files/2026/01/26/untitled-2026-01-26-12-01-31.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിനുള്ളിലെ ഭിന്നത രൂക്ഷമാക്കി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കെതിരെ ബി.ജെ.പി മന്ത്രി ഗണേഷ് നായിക് രംഗത്ത്.
പാര്‍ട്ടി നേതൃത്വം അനുവാദം നല്‍കുകയാണെങ്കില്‍ ഷിന്‍ഡെയുടെ രാഷ്ട്രീയ സാന്നിധ്യം തന്നെ ഇല്ലാതാക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് ഒരു പൊതുപരിപാടിക്കിടെ നായിക് പ്രസ്താവിച്ചത്. മുംബൈ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ വിവാദ പരാമര്‍ശം.
താനെ, കല്യാണ്‍, ഉള്‍ഹാസ്‌നഗര്‍ തുടങ്ങിയ മേഖലകളില്‍ ബി.ജെ.പി തനിച്ചു മത്സരിച്ചിരുന്നെങ്കില്‍ ഇതിലും വലിയ വിജയം നേടുമായിരുന്നുവെന്ന് നായിക് വാദിക്കുന്നു.
സീറ്റ് വിഭജനത്തിലും സഖ്യ തീരുമാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ അസംതൃപ്തരാണെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കമുള്ളവരായതുകൊണ്ടാണ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അനുസരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, പതിറ്റാണ്ടുകളായി ശിവസേനയ്‌ക്കൊപ്പമുള്ള മേയര്‍ പദവി ഇത്തവണയും തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ഷിന്‍ഡെ വിഭാഗം.
ബി.എം.സിയില്‍ 29 വാര്‍ഡുകള്‍ നേടിയ ഷിന്‍ഡെ സേന മൂന്നാം സ്ഥാനത്താണ്. മേയര്‍ സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഷിന്‍ഡെ തന്റെ കോര്‍പ്പറേറ്റര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍, മേയര്‍ ആര് വേണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഷിന്‍ഡെയും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്നാലെ 399 വാര്‍ഡുകള്‍ നേടി ഷിന്‍ഡെ വിഭാഗം കരുത്ത് തെളിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പി മന്ത്രി നടത്തിയ പ്രകോപനപരമായ പരാമര്‍ശം സഖ്യത്തിനുള്ളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us