ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, യുവതിയെ വാനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, രണ്ടുപേര്‍ പിടിയില്‍. 25കാരി അതീവ ​ഗുരുതരാവസ്ഥയിൽ

ലൈംഗികാതിക്രമത്തിന് ശേഷം ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

New Update
victim

ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍.

Advertisment

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷമാണ് സംഭവം.

 ലൈംഗികാതിക്രമത്തിന് ശേഷം ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫരീദാബാദ് മെട്രോ ചൗക്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മെട്രോ ചൗക്കില്‍ നിന്ന് വാഹനം ലഭിക്കാതെ യുവതി ബുദ്ധിമുട്ടുന്നത് കണ്ട് വാനില്‍ എത്തിയ പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് കൊണ്ടുപോയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 

ഇതിന് ശേഷം രാജ ചൗക്കിന് സമീപം പുലര്‍ച്ചെ 3 നും 4 നും ഇടയില്‍ പ്രതികള്‍ ഓടുന്ന വാഹനത്തില്‍ നിന്ന് യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സഹായത്തിനായി സഹോദരിയെ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെചികിത്സയ്ക്കായി ബാദ്ഷാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു. 

രാത്രി വൈകിയതിനാല്‍ മെട്രോ ചൗക്കില്‍ നിന്ന് കല്യാണ്‍പുരി ചൗക്കിലേക്ക് വാഹനം ഒന്നും കിട്ടിയില്ല. ഈസമയം വാനില്‍ എത്തിയ പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 

യുവതിയുടെ നില ഗുരുതരമാണെന്നും മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ആയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു. 

കൂട്ട ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ അടക്കം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Advertisment