/sathyam/media/media_files/2026/02/05/untitled-2026-02-05-10-08-52.jpg)
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതാപിതാക്കളുടെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികളുടെ മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പോലീസ്. കുട്ടികള്‍ ഒരു കൊറിയന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന പിതാവിന്റെ ആദ്യത്തെ മൊഴി പോലീസ് തള്ളി.
സ്റ്റോക്ക് ട്രേഡറായ പിതാവ് ചേതന്‍ കുമാറിന് രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി കാരണം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും പണമില്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ വിറ്റിരുന്നു.
കോവിഡിന് ശേഷം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പിതാവ് തയ്യാറായില്ല. കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഇയാള്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വന്തമായി ഫോണില്ലാതിരുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ ഫോണില്‍ കൊറിയന്‍ സീരിയലുകള്‍ നിരന്തരമായി കാണാറുണ്ടായിരുന്നു. തങ്ങള്‍ക്ക് കൊറിയന്‍ പേരുകള്‍ നല്‍കുകയും ഫോണ്‍ വാള്‍പേപ്പറില്‍ അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച പിതാവ് ഫോണ്‍ നല്‍കുന്നത് വിലക്കിയതില്‍ കുട്ടികള്‍ അതീവ ദുഃഖിതരായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
'ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ മൂന്ന് പെണ്‍കുട്ടികളെയും അവിടെ കണ്ടു. മൂത്ത പെണ്‍കുട്ടി താഴേക്ക് ചാടാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ തടയാന്‍ നോക്കുകയായിരുന്നു. എന്നാല്‍ മൂത്തവളുടെ അരയില്‍ കെട്ടിപ്പിടിച്ച ഇളയവളും കൈപിടിച്ച മൂന്നാമത്തെ കുട്ടിയും ഒന്നിച്ച് താഴേക്ക് പതിക്കുകയായിരുന്നു.'അയല്‍വാസിയായ അരുണ്‍ സിംഗ് പറഞ്ഞു.
ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂര്‍ വൈകിയതായും അയല്‍വാസികള്‍ ആരോപിച്ചു.
മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സിനിമകളിലെ ഡയലോഗുകളും കവിതകളും ചുവരിലും ഡയറിയിലുമായി കുറിച്ചിട്ടിരുന്നു.
കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍ ഒരു വട്ടത്തില്‍ അടുക്കിയും വെച്ചിരുന്നു.
'ഇതിലെഴുതിയത് സത്യമാണ്, മാതാപിതാക്കള്‍ ഇത് വായിക്കണം' എന്ന് കുറിച്ച എട്ട് പേജുള്ള ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ഭാര്യമാരുള്ള ചേതന്‍ കുമാറിന് ആദ്യ ഭാര്യയില്‍ ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ ഭാര്യയിലെ മക്കളാണ് മരിച്ച നിഷിക (16), പ്രാചി (14), പാഖി (12) എന്നിവര്‍. ആദ്യ ഭാര്യയിലെ മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്.
കടുത്ത ദാരിദ്ര്യവും കടബാധ്യതയും നല്‍കിയ നിരാശയും കൊറിയന്‍ ഡ്രാമകള്‍ സൃഷ്ടിച്ച വൈകാരിക സമ്മര്‍ദ്ദവും ചേര്‍ന്നാകാം കുട്ടികളെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us