/sathyam/media/media_files/OUo9P8GOoN802Wb09dX4.webp)
ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് 108 കിലോ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് അറസ്റ്റ് ചെയ്തു.
സ്വർണത്തിന് പുറമെ രണ്ട് മൊബൈൽ ഫോണുകൾ, ഒരു ബൈനോക്കുലർ, രണ്ട് കത്തികൾ, കേക്ക്, പാൽ, ചൈനീസ് ഭക്ഷണ പദാർഥങ്ങൾ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.ടി.ബി.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കടത്താണിത്.
ഐ.ടി.ബി.പിയുടെ സൈന്യം ചൊവ്വാഴ്ച ഉച്ചയോടെ കിഴക്കൻ ലഡാക്കിലെ ചാങ്താങ് ഉപമേഖലയിൽ കള്ളക്കടത്തുകാരുടെ നുഴഞ്ഞുകയറ്റം തടയാൻ പട്രോളിങ് ആരംഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീറാപ്പിളിൽ കള്ളക്കടത്തിന്റെ സൂചനകൾ ഐ.ടി.ബി.പിക്ക് ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമാൻഡന്റ് ദീപക് ഭട്ടിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് പാർട്ടി രണ്ട് പേർ കഴുതപ്പുറത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയും അവരോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരെയും ഐ.ടി.ബി.പിയും പൊലീസും സംയുക്തമായി ചോദ്യം ചെയ്തു വരികയാണെന്നും പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് വകുപ്പിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.