പട്‌ന: പട്‌നയിലെ പ്രമുഖ വ്യവസായി ഗോപാല്‍ ഖേംകയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ബിഹാര്‍ ഡിജിപി വിനയ് കുമാര്‍ അറിയിച്ചു.
പട്‌ന പോലീസിനൊപ്പം, ബിഹാര്‍ എസ്ടിഎഫ്, സാങ്കേതിക സംഘം, ക്രൈം ബ്രാഞ്ച് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളാണ്. സംഭവസ്ഥലത്ത് നിന്ന് ബുള്ളറ്റും ഷെല്‍ കേസിംഗും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് പരിശോധനയും സിസിടിവി വിശകലനവും പുരോഗമിക്കുകയാണ്.
വ്യവസായി ഗോപാല്‍ ഖേംകയെ ജൂലൈ 4-ന് രാത്രി 11:40 ഓടെയാണ് പട്‌നയിലെ ഗാന്ധി മൈതാന്‍ പ്രദേശത്തെ വീട്ടിന് സമീപം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. കുടുംബം ഉടന്‍ തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതര്‍ ആദ്യം കങ്കര്‍ബാഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും, പിന്നീട് സംഭവം ഗാന്ധി മൈതാന്‍ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. പോലീസ് സംഘം പത്ത് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തില്‍, മുന്‍ വൈരാഗ്യവും വാണിജ്യ തര്‍ക്കങ്ങളും ഉള്‍പ്പെടെ വിവിധ കോണുകളില്‍ പോലീസ് അന്വേഷണം നടത്തുന്നു.
ബ്യൂര്‍ സെന്‍ട്രല്‍ ജയിലിലും അന്വേഷണ സംഘം പരിശോധന നടത്തി, പ്രതിക്ക് അകത്തുള്ള കുറ്റവാളികളുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കുകയാണ്. ഗോപാല്‍ ഖേംകയുടെ മകനും കുടുംബത്തിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗോപാല്‍ ഖേംകയ്ക്ക് മുമ്പ് പോലീസ് സംരക്ഷണം ലഭിച്ചിരുന്നു, എന്നാല്‍ പിന്നീട് അദ്ദേഹം അത് ഉപേക്ഷിച്ചു. 2024 ഏപ്രിലില്‍ നല്‍കിയ ഒരു അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹം വീണ്ടും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല.
കൊലപാതകത്തില്‍ എസ്‌ഐടി നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്, പ്രധാന തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.