പട്‌ന: പ്രശസ്ത വ്യവസായി ഗോപാല്‍ ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രണ്ട് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാന ഷൂട്ടര്‍ ഉമേഷ് യാദവിനെയും കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതായി സംശയിക്കുന്ന ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും പട്‌നയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍, ഉമേഷ് യാദവ് ഗോപാല്‍ ഖേംകയെ വെടിവെച്ചതായി സമ്മതിച്ചു. ഇയാളില്‍ നിന്ന് കൊലപാതകത്തില്‍ ഉപയോഗിച്ച പിസ്റ്റലും ബൈക്കും പിടിച്ചെടുത്തു. ഉമേഷിന് 3.3 ലക്ഷം രൂപയുടെ കരാര്‍ കൊലപാതകത്തിനായി ലഭിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ പണം അയാളില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നില്‍ ബിസിനസ് വൈരാഗ്യമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഗോപാല്‍ ഖേംകയെ ജൂലൈ 4-ന് രാത്രി 11.40ന് അദ്ദേഹത്തിന്റെ വീടിന് പുറത്ത് ബൈക്കിലെത്തിയ അക്രമി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളില്‍ ഒരാളെ ഖേംകയുടെ സംസ്‌കാര ചടങ്ങിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും ഉള്‍പ്പെടെ സാങ്കേതിക തെളിവുകള്‍ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. കേസിലെ യഥാര്‍ത്ഥ സൂത്രധാരനെയും കൊലപാതകത്തിന് പിന്നിലെ കാരണവും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.