/sathyam/media/media_files/2026/01/27/untitled-2026-01-27-13-38-38.jpg)
ബംഗളൂരു: 6,000 കോടി രൂപയുടെ എക്‌സൈസ് അഴിമതിയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ച് കര്‍ണാടക നിയമസഭയില്‍ ബിജെപിയുടെ പ്രതിഷേധം.
കഴിഞ്ഞ ആഴ്ച നിയമസഭയുടെ സംയുക്ത സമ്മേളനത്തിനിടെ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ചില കോണ്‍ഗ്രസ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നിയമസഭാ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്ലക്കാര്‍ഡുകളുമായി ബിജെപിയും സഖ്യകക്ഷിയായ ജനതാദള്‍ സെക്കുലറും (ജെഡിഎസ്) മുദ്രാവാക്യം വിളിച്ചു.
എക്‌സൈസ് മന്ത്രി ആര്‍.ബി. തിമ്മാപൂരിനും കുടുംബാംഗങ്ങള്‍ക്കും 6,000 കോടിയുടെ അഴിമതിയില്‍ പങ്കുണ്ടെന്നും അതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
സിബിഐയോ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയോ അന്വേഷിക്കണമെന്നും മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ബിജെപി പ്രതിഷേധം പിന്‍വലിച്ചു.
20 വര്‍ഷം പഴക്കമുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 'ജി റാം ജി' പദ്ധതിക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് കാരണം.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ, കേന്ദ്ര പദ്ധതിയെ വിമര്‍ശിക്കുന്ന 11 ഖണ്ഡികകള്‍ വായിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍, ആമുഖം മാത്രം വായിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇത് ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും, രാഹുല്‍ ഗാന്ധിയെ തൃപ്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് അജണ്ടയാണെന്ന് ബിജെപിയും പരസ്പരം ആരോപിച്ചു.
ഇതിനിടെ, 'എന്താണ് ജി-റാം-ജി എന്ന് എനിക്കറിയില്ല' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ശ്രീരാമനെതിരാണെന്ന് ബിജെപി വിമര്‍ശിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിനെതിരെ വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us