/sathyam/media/media_files/2026/01/23/modi-2026-01-23-17-13-01.png)
ഡല്‍ഹി: എലോണ്‍ മസ്‌കിന്റെ എക്സിലെ എഐ സംവിധാനമായ 'ഗ്രോക്ക്' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് തെറ്റായി വിവര്‍ത്തനം ചെയ്തത് പുതിയ വിവാദത്തിന് കാരണമായി. മാലിദ്വീപ് പ്രസിഡന്റിനുള്ള നയതന്ത്രപരമായ നന്ദി സന്ദേശമാണ് രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എഐ മാറ്റിയെഴുതിയത്.
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി എക്സില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
'റിപ്പബ്ലിക് ദിനാശംസകള്‍ക്ക് നന്ദി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി നമ്മള്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും. മാലിദ്വീപ് ജനതയ്ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി ആശംസിക്കുന്നു,' എന്നായിരുന്നു മോദിയുടെ പോസ്റ്റിലെ ഉള്ളടക്കം.
ഗ്രോക്കിന്റെ വിചിത്രമായ 'വിവര്‍ത്തനം'
എന്നാല്‍ ഈ പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ഗ്രോക്ക് എഐ നല്‍കിയത് തികച്ചും വ്യത്യസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിലായിരുന്നു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യ ദിന'മായി എഐ തെറ്റായി രേഖപ്പെടുത്തി.
ഏറ്റവും ഗുരുതരമായ പിഴവ്, 'മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കാളികളായിട്ടുണ്ടെന്നും, പ്രതിഷേധങ്ങളുടെ മുന്‍പന്തിയിലുണ്ടെന്നും' എഐ വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പോസ്റ്റില്‍ ഒരിടത്തും പറയാത്ത കാര്യങ്ങളാണ് എഐ സ്വന്തം നിലയ്ക്ക് തിരുകിക്കയറ്റിയത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് എഐയുടെ ഈ ഗുരുതരമായ പിഴവ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
സാങ്കേതികവിദ്യയുടെ പിഴവാണെങ്കില്‍ കൂടി, ഇത്തരം തെറ്റായ വിവരങ്ങള്‍ നയതന്ത്ര തലത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഗ്രോക്ക് എഐ ഇതാദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. നേരത്തെയും തെറ്റായ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സിനെതിരെ രംഗത്തെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us