/sathyam/media/media_files/2025/10/03/gargi-2025-09-19-19-36-54-2025-10-03-11-58-01.webp)
ഗുവാഹത്തി: സംഗീതജ്ഞന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത എന്നിലരാണ് പിടിയിലായത്. സിംഗപ്പൂര്‍ യാത്രയില്‍ ഇരുവരും സുബിന് ഒപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹന്ത എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.
ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നി വകുപ്പുകള്‍ ചുമത്തിയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സുബീന്‍ ഗാര്‍ഗ് കടലില്‍ നീന്തുമ്പോള്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മഹന്തയുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
സുബീന്‍ ഗാര്‍ഗിന്റെ മരണം വിദേശത്ത് സംഭവിച്ചതിനാല്‍ സിംഗപ്പൂര്‍ അധികൃതരുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഒരു സംഘം സിംഗപ്പൂരിലേക്ക് പോകും.
ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ തലവനായ ഗുപ്ത പറയുന്നു.
സുബീന്റെ മൃതദേഹം സിംഗപ്പൂരില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് സുബീന്റെ കുടുംബത്തിന് നേരിട്ട് കൈമാറും.
ഇന്ത്യയില്‍ എത്തിച്ച ശേഷവും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍, ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടില്ല. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളു.
സെപ്തംബര്‍ 19നാണു സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂര്‍ എത്തിയപ്പോഴായിരുന്നു മരണം.