ഗുവാഹത്തി: അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റ് അസം എംപിയും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനുമായ ഗൗരവ് ഗൊഗോയ്.
പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ആവേശത്തോടെ സ്വീകരിക്കാൻ മുതിർന്ന നേതാക്കളും പുതുതായി നിയമിതരായ എപിസിസി അംഗങ്ങളും നിരവധി കോൺഗ്രസ് പ്രവര്‍ത്തകരും പാർട്ടി ആസ്ഥാനമായ ഗുവാഹത്തിയിലെ രാജീവ് ഭവനിലെത്തിയിരുന്നു.
'' ഏറെ ആദരവോടെയാണ് എന്നെ ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തെ കാണുന്നത്. നീതി, ഐക്യം, സമാധാനം എന്നിവയ്ക്കായി നിലകൊള്ളുന്നൊരു കോൺഗ്രസ് സർക്കാരിനെ, അസമിൽ തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം''- അദ്ദേഹം വ്യക്തമാക്കി.
അഴിമതി, അക്രമം, ഭിന്നിപ്പിന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അസമിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് ഗൊഗോയിക്ക് മുന്നിലുള്ളത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കതിന് സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.