അഹമ്മദാബാദ്: സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ 14 വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍. അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2010 ലാണ് യുവാവ് തന്റെ സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയത്. അഹമ്മദാബാദിലെ വെജല്‍പൂര്‍ സ്വദേശിയായ രമേഷ് ദേശായിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രമേഷ് തന്റെ സുഹൃത്തും സ്വവര്‍ഗ പങ്കാളിയുമായ മനീഷ് ഗുപ്തയെ കൊലപ്പെടുത്തിയ ശേഷം വസ്ത്രം ഉരിഞ്ഞ് കൈകാലുകള്‍ കെട്ടി മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞ് അടുക്കളയില്‍ കുഴിച്ചിട്ടെന്നാണ് ആരോപണം.
ചോദ്യം ചെയ്യലില്‍ മനീഷുമായി താന്‍ സ്വവര്‍ഗരതിയിലായിരുന്നെന്നും വഴക്കിട്ട ശേഷം പങ്കാളിയെ കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നുവെന്നും രമേഷ് പോലീസിനോട് പറഞ്ഞു.
പ്രതി മുംബൈയില്‍ നിന്ന് അഹമ്മദാബാദ് വഴി രാജസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് രമേശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2010 ജൂണ്‍ 29 ന് അഹമ്മദാബാദിലെ വെജല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കളിലൊരാളായ ഹിരാസിംഗ് പരാതി നല്‍കുകയായിരുന്നു.