'ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നു, ഡൽഹിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കാത്തതിനാൽ മത്സരിക്കുന്നില്ല'; ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് പിന്മാറി ഗുലാം നബി ആസാദ്

അനന്ത്‌നാഗ് ജില്ലാ വികസന കൗൺസിലിലെ സിറ്റിങ് അംഗമാണ് അദ്ദേഹം, ഡിപിഎപി വക്താവാണ്. ഡൽഹിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കാത്തതിനാൽ മത്സരിക്കുന്നില്ലെന്നും ഇവിടെ താമസിച്ച് ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആസാദ് പറഞ്ഞു.

New Update
gulam nabi Untitledb.jpg

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) ചെയർമാനുമായ ഗുലാം നബി ആസാദ്. അനന്ത്നാഗ്-രജൗരി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ഗുലാം നബി ആസാദിനു പകരം പാർട്ടി സ്ഥാനാർത്ഥിയായി സലിം പരാരെ മത്സരിപ്പിക്കും.

Advertisment

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അനന്ത്നാഗ് ജില്ലാ വികസന കൗൺസിൽ മുൻപാകെ പരാരെ പത്രിക സമർപ്പിച്ചു.

അനന്ത്‌നാഗ് ജില്ലാ വികസന കൗൺസിലിലെ സിറ്റിങ് അംഗമാണ് അദ്ദേഹം, ഡിപിഎപി വക്താവാണ്. ഡൽഹിയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കാത്തതിനാൽ മത്സരിക്കുന്നില്ലെന്നും ഇവിടെ താമസിച്ച് ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആസാദ് പറഞ്ഞു.

ഏപ്രിൽ രണ്ടിനാണ് അനന്ത്നാഗ്-രജൗരി സീറ്റിൽ ആസാദ് മത്സരിക്കുമെന്ന് ഡിപിഎപി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽനിന്ന് നയിക്കുമെന്ന് ആസാദും അറിയിച്ചിരുന്നു.

''അദ്ദേഹം വക്കീലാണ്, വിദ്യാഭ്യാസമുള്ള വ്യക്തിയാണ്, ഹൈക്കോടതിയിൽ വ്യക്തിഗത കേസുകൾ പോരാടി ജയിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്നാഗ്-രജൗരി സീറ്റിൽ അദ്ദേഹം മത്സരിക്കും,'' പരാരെ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം ആസാദ് പറഞ്ഞു.

''തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുന്നു, ആര് മത്സരിക്കുന്നില്ല എന്നതുമായി ഇതിന് ബന്ധമില്ല. ഡൽഹി വിട്ട് ഞാൻ ഇവിടെ വന്നതിന് ശേഷം, നിങ്ങൾ ഡൽഹിയിലേക്ക് മടങ്ങുകയാണെന്ന് (ലോക്‌സഭയിലേക്ക് മത്സരിച്ച്) ആളുകൾ എന്നെ ഓർമ്മിപ്പിച്ചു.

അതിനാൽ ഞാൻ ഇവിടെ താമസിച്ച് ജനങ്ങളെ സേവിക്കാൻ തീരുമാനിച്ചു,'' മത്സരത്തിൽനിന്നും പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് ആസാദ് പറഞ്ഞതാണിത്. 

Advertisment