ഗുവാഹത്തി: അസമിലെ ദിമ ഹസാവോയിലെ ഉമറാഗ്സുവിൽ പ്രവർത്തിച്ചുവരുന്ന അനധികൃത കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഖനിക്കുള്ളിൽ അകപ്പെട്ട തൊഴിലാളികളെ മൂന്നുദിവസം പിന്നിട്ടിട്ടും രക്ഷിക്കാനായില്ല.
ഖനിക്കുള്ളിലെ ചെറുകുഴികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണെന്നാണ്. 18 തൊഴിലാളികളാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. അതിൽ മൂന്നുപേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
മരിച്ച ഒരാളുടെ മൃതദേഹം നാവികസേന മുങ്ങൽ വിദഗ്ധര്‍ പുറത്തെടുത്തു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം നടന്നു വരുകയാണ്.
അസം കോള്‍ ക്വാറി ഖനിയിലാണ് തിങ്കളാഴ്‌ച രാവിലെ ഏഴോടെ അപകടമുണ്ടായത്. 300 അടിയിലേറെ താഴ്‌ചയുള്ള ഖനിക്കുള്ളിൽ ചെറിയ കുഴികളുണ്ടാക്കി കൽക്കരിയെടുക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
ഭൂഗര്‍ഭജലം ഉയര്‍ന്നതോടെ മുപ്പത്തിയഞ്ചോളം പേര്‍ക്ക് രക്ഷപ്പെടാനായി. പതിനെട്ടോളം പേര്‍ ഉള്ളില്‍ അകപ്പെട്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.