ഡല്‍ഹി: ഗ്വാളിയോറില്‍ അമിതവേഗതയില്‍ വന്ന കാര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രി ഏകദേശം 12 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഗ്വാളിയോര്‍-ശിവപുരി ലിങ്ക് റോഡിലെ ശീതള മാതാ മന്ദിര്‍ ക്രോസിംഗിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് കന്‍വാരിയകളുടെ കുടുംബങ്ങളും സ്ഥലത്ത് തടിച്ചുകൂടി ദേശീയപാത ഉപരോധിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, കാര്‍ ആറ് കന്‍വാരിയകള്‍ക്ക് മുകളിലൂടെ ഇടിച്ച് ഒരു കുഴിയിലേക്ക് വീണു. ഇതിനിടയില്‍ കാറിനടിയില്‍ കുടുങ്ങിയ ഒരു മൃതദേഹം കണ്ടെത്തി. പോലീസ് കാര്‍ മറിച്ചിട്ടപ്പോള്‍ മൃതദേഹം സാരമായി തകര്‍ന്നിരുന്നു.
കന്‍വാര്‍ തീര്‍ത്ഥാടകരെല്ലാം വെള്ളം ശേഖരിച്ച ശേഷം മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി ശിവപുരി ലിങ്ക് റോഡില്‍ എത്തിയപ്പോള്‍, അമിതവേഗതയില്‍ വന്ന ഒരു ഗ്ലാന്‍സ കാര്‍ അവരുടെ മേല്‍ ഇടിച്ചു.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച കാര്‍ പെട്ടെന്ന് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട്, കന്‍വാരിയകളില്‍ ഇടിച്ച് ഒരു കുഴിയിലേക്ക് വീണു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിഎസ്പി റോബിന്‍ ജെയിനും മൂന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജുമാരും സ്ഥലത്തെത്തി. മരിച്ചവരെല്ലാം ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു.