
ന്യൂഡൽഹി: എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഉയർത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയമാണെന്ന് പിബി അഭിപ്രായപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ് തന്ത്രമാണിതെന്നും ഇതിനെ എതിർക്കുന്നതിനു പകരം അവ്യക്തമായ പ്രസം​ഗങ്ങളിലൂടെയാണ് മോദി പ്രതികരിക്കുന്നതെന്നും പി ബി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമെന്നും പിബി അഭിപ്രായപ്പെട്ടു.
എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഉയർത്തിക്കൊണ്ടുള്ള നടപടിയിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. വിസ ഫീസ് വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാജ്യത്തെ വ്യവസായ മേഖലയെ ഉൾപ്പെടെ യുഎസിന്റെ നടപടി എത്തരത്തിൽ ബാധിക്കുമെന്നത് വിശകലനം ചെയ്യുകയാണെന്നും മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പുതിയ തീരുമാനത്തിൽ കുടുംബങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കാം. കണ്ടുപിടിത്തങ്ങളിലും സർഗാത്മകതയിലും ഇന്ത്യയിലേയും യുഎസിലേയും വ്യവസായങ്ങൾക്ക് വലിയ പങ്കുണ്ട്. മികച്ച രീതിയിൽ മുന്നോട്ടു പോകാനുള്ള വഴി കണ്ടെത്താൻ ഇരുകൂട്ടരും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പറഞ്ഞിരുന്നു.