ഹല്‍ദ്വാനിയിലേക്ക് കൂടുതല്‍ കേന്ദ്രസേന, 25 പേര്‍ കൂടി അറസ്റ്റില്‍; കര്‍ഫ്യൂ പിന്‍വലിക്കും

New Update
hafeb122

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ അക്രമത്തില്‍ 25 പേര്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ 3 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം 30 ആയി. ബന്‍ഭൂല്‍പുരയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും തകര്‍ത്തതിന്റെ പേരിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Advertisment

ഹല്‍ദ്വാനിയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്‍ഭൂല്‍പുരയില്‍ കേന്ദ്ര അര്‍ദ്ധസൈനിക സേനയുടെ 100 പേര്‍ വീതമുള്ള നാല് കമ്പനികളെ വിന്യസിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി രാധാ റാതുരി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ അയച്ചു.

ഒടുവില്‍ പിടിയിലായ 25 പേരില്‍ നിന്ന് 7 നാടന്‍ പിസ്റ്റളുകളും 54 വെടിയുണ്ടകളും കണ്ടെടുത്തു. ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോള്‍ വിവിധ തലത്തിലുള്ള സര്‍ക്കാര്‍ വെടിക്കോപ്പുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. അതിലെ 99 എണ്ണമാണ് കണ്ടെടുത്തതെന്ന് നൈനിറ്റാള്‍ എസ്എസ്പി പ്രഹ്ലാദ് നാരായണ്‍ മീണ പറഞ്ഞു.

പ്രധാന പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും അക്രമം നടന്ന പ്രദേശത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 1100 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന അക്രമത്തില്‍ ആറ് കലാപകാരികള്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മുതല്‍ ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രദേശങ്ങള്‍ ഒഴികെ എല്ലായിടത്തും കര്‍ഫ്യൂ പിന്‍വലിക്കും. ശേഷിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും അങ്കണവാടികളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. 

Advertisment