Advertisment

ഹൽദ്വാനി സംഘർഷം: കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ്

New Update
haldwani

ഹൽദ്വാനി: പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് 5 പേർ കൊല്ലപ്പെട്ട ഹൽദ്വാനിയിലേക്ക് കൂടുതൽ കേന്ദ്ര സേനയുടെ സാന്നിധ്യം ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ്. ഹൽദ്വാനിയിൽ വ്യാഴാഴ്ച നടന്ന അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു.

Advertisment

ഇതിന് പിന്നാലെ കനത്ത സുരക്ഷയാണ് മേഖലയിൽ സജ്ജീകരിച്ചിരിന്നു. ഇത് കൂടാതെ അർദ്ധസൈനിക വിഭാഗത്തെ അധികമായി വിന്യസിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ രതുരി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്റെ നാല് കമ്പനികൾ കൂടി അഭ്യർത്ഥിച്ചിരിക്കുന്നത്.

“ഫെബ്രുവരി എട്ടിന് ബൻഭൂൽപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മാലിക് കാ ബാഗിച്ചയിലെ കയ്യേറ്റം പൊളിക്കുന്നതിനിടെ അരാജകവാദികൾ ക്രമസമാധാനം തുടർച്ചയായി തടസ്സപ്പെടുത്തിയത് കണക്കിലെടുത്ത്, ജില്ലയിൽ ക്രമസമാധാന ഡ്യൂട്ടിക്കായി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്റെ നാല് കമ്പനികൾ അധികമായി ആവശ്യമാണ്. ” കത്തിൽ   ചീഫ്   സെക്രട്ടറി പറഞ്ഞു.

അതിനിടെ, അക്രമം നടന്ന ഹൽദ്വാനിയുടെ ബൻഭൂൽപുര പ്രദേശം നിലവിൽ സാധാരണ നിലയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  സംഭവത്തെത്തുടർന്ന് അടച്ചിട്ടിരുന്ന മിക്ക കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്നുണ്ട്.  അക്രമത്തെത്തുടർന്ന് നിലച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും മിക്ക പ്രദേശങ്ങളിലും പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. 

ബൻഭൂൽപുരയിൽ ഒരു മുസ്ലീം പള്ളിയും മദ്രസയും തകർത്തതിന് പിന്നാലെയാണ് വ്യാഴാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. റവന്യൂ രേഖകളിൽ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ലാത്ത നസൂൽ ഭൂമിയിലാണ് രണ്ട് കെട്ടിടങ്ങളും നിലകൊള്ളുന്നതെന്ന് ജില്ലാ അധികൃതർ പറഞ്ഞു.

കല്ലെറിയുകയും കാറുകൾ കത്തിക്കുകയും ഒരു ജനക്കൂട്ടം ലോക്കൽ പോലീസ് സ്റ്റേഷൻ വളയുകയും ചെയ്തപ്പോൾ, മുഖ്യമന്ത്രി പുഷ്കർ ധാമി അക്രമികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ബൻഭൂൽപുരയിൽ കർഫ്യൂ തുടരുകയാണ്, അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ ലോക്കൽ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.

Advertisment