ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിനുള്ള അന്തിമ നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചോ ഇല്ലയോ എന്നത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വ്യക്തമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. 60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള കരാറിന് ഇസ്രായേല്‍ സമ്മതം നല്‍കിയതായി ട്രംപ് പറഞ്ഞു.
ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാനും, ബന്ദികളെയും തടവുകാരെയും ഘട്ടംഘട്ടമായി മോചിപ്പിക്കാനും, ഗാസയില്‍ സൈനികരെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥകളുണ്ട്.
ഹമാസ് കരാര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കരാറില്‍ ഒപ്പുവയ്ക്കൂ എന്ന നിലപാടാണ് ഹമാസ് ആവര്‍ത്തിക്കുന്നത്.
യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിലാണ് പുതിയ കരാര്‍ രൂപീകരിച്ചിരിക്കുന്നത്. ഹമാസ് സംഘം നിലവില്‍ കയ്‌റോയില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, 'ഗാസയില്‍ ഇനി ഹമാസ്താന്‍ ഉണ്ടാകില്ല' എന്ന നിലപാട് ആവര്‍ത്തിച്ചു. ഇസ്രായേല്‍ ഔദ്യോഗികമായി കരാറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഹമാസ് അംഗീകരിച്ചാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലിന് സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ സൂചന.