/sathyam/media/media_files/4xEtpu8P6BP3beBTz0uA.jpg)
ഡല്‍ഹി: 2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം എന്നത് വെറും നാടകം മാത്രമാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പാകിസ്ഥാന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
'പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കും, പക്ഷേ ഇന്ത്യയ്ക്കെതിരെ മാത്രം കളിക്കില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഇതൊരു വിചിത്രമായ തീരുമാനമാണ്,' ഹര്‍ഭജന്‍ പറഞ്ഞു.
നിലവില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന പിസിബിയും പാക് സര്‍ക്കാരും ഐസിസിയുടെ വിലക്ക് വരുമ്പോള്‍ പിന്നീട് നിലപാട് മാറ്റുമെന്നും, പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞ് തിരിച്ചുവരുമെന്നും ഹര്‍ഭജന്‍ പരിഹസിച്ചു.
പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ ഒരു തത്വാധിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍, അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണം. വെറുതെ ഒച്ചപ്പാട് ഉണ്ടാക്കാതെ പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബംഗ്ലാദേശിന്റെ വിഷയം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ നടത്തുന്നത് വെറും നാടകമാണെന്ന് ഹര്‍ഭജന്‍ ആരോപിക്കുന്നു. 'ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന പൂര്‍ണ്ണമായ ഒരു രാഷ്ട്രീയ നാടകമാണിത്. ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ നിന്ന് അവസാന നിമിഷം പിന്‍വാങ്ങുന്നതിന് പകരം നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഹര്‍ഭജന്റെ ഈ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us