ലഹരിവിരുദ്ധ കാമ്പയിനിനിടെ ഹരിയാന പൊലീസിൽ തമ്മിലടി; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ഹെഡ് കോൺസ്റ്റബിളിന്റെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ വിവാദത്തിൽ, അന്വേഷണം ആരംഭിച്ച് എസ്.പി

New Update
2800639-hariyana-sunil-sandu

ചണ്ഡിഗഢ്: ഹരിയാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ കാമ്പയിനിനിടെ പൊലീസ് സേനയ്ക്കുള്ളിലെ പോര് പരസ്യമാകുന്നു. കൈതാൽ ജില്ലയിലെ ഹെഡ് കോൺസ്റ്റബിളും സോഷ്യൽ മീഡിയ താരവുമായ സുനിൽ സന്ധു, മുതിർന്ന ഉദ്യോഗസ്ഥനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 

Advertisment

കലയാട്ടിലെ ഡി.എസ്.പി ലളിത് യാദവ് തന്നെ വ്യാജ ഹെറോയിൻ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സുനിൽ സന്ധു ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഫേസ്ബുക്കിൽ 8.89 ലക്ഷം ഫോളോവേഴ്‌സുള്ള സന്ധുവിന്റെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സത്യം പറയുന്നതിനാൽ താൻ കടുത്ത മാനസിക സമ്മർദ്ദം നേരിടുകയാണെന്നും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും സന്ധു പറഞ്ഞു. തന്റെ കരിയറിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഭവം രാഷ്ട്രീയ ആയുധമാക്കി ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഹരിയാന ഭരിക്കുന്നത് സർക്കാരാണോ അതോ മയക്കുമരുന്ന് മാഫിയയാണോ എന്ന് എഎപി വക്താവ് അനുരാഗ് ധണ്ട ചോദിച്ചു. 

സന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വിഷയം പരിശോധിച്ചു വരികയാണെന്നും കൈതാൽ എസ്.പി ഉപാസന യാദവ് അറിയിച്ചു.

Advertisment