/sathyam/media/media_files/2026/02/07/haris-beeran-2026-02-07-22-10-08.jpg)
ഡൽഹി: ഇന്ത്യയിൽ പത്ത് വർഷത്തിലൊരിക്കൽ സെൻസസ് നടത്തുന്നത് നിർബന്ധമാക്കുന്നതിനായി 1948-ലെ സെൻസസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.
കൃത്യമായ ഇടവേളകളിൽ രാജ്യവ്യാപകമായി സെൻസസ് നടത്താത്ത പക്ഷം ഭൂരിഭാഗം ജനങ്ങൾക്കും സർക്കാർ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഫലം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ബില്ലിൽ ചൂണ്ടിക്കാട്ടി.
2011-ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയെത്തുടർന്ന് വൈകുകയായിരുന്നു. ഇത് ആറ് വർഷത്തോളം വൈകി 2027-ൽ മാത്രമേ പൂർത്തിയാകൂ എന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി നിർദ്ദേശം.
നിലവിലെ ഭരണഘടനയിലോ 1948-ലെ സെൻസസ് ആക്ടിലോ കൃത്യമായ ഇടവേളകളിൽ സെൻസസ് നടത്തണമെന്ന് നിഷ്കർഷിക്കുന്നില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം പത്ത് വർഷത്തിലൊരിക്കൽ എന്ന രീതിയാണ് പിന്തുടർന്നു പോന്നത്. ഇത് നിയമപരമായി തന്നെ ഉറപ്പാക്കണമെന്നാണ് ബില്ലിലെ ആവശ്യം.
കൃത്യമായ ജനസംഖ്യാ കണക്കുകളും ജാതി തിരിച്ചുള്ള വിവരങ്ങളും ഇല്ലാതെ, സംവരണം, സാമൂഹ്യനീതി ഉറപ്പാക്കൽ തുടങ്ങിയ ഭരണഘടനാപരമായ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് ബില്ലിൽ പറയുന്നു.
അർഹരായ ജാതിവിഭാഗങ്ങൾ പുറന്തള്ളപ്പെടാതിരിക്കാനും അനർഹർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാതിരിക്കാനും ജാതി സെൻസസ് അനിവാര്യമാണ്.
ഒബിസി വിഭാഗങ്ങൾക്കിടയിലെ ക്രീമിലെയർ മാനദണ്ഡം നിശ്ചയിക്കുന്നതിനും ജാതികൾക്കിടയിലെ ഉപവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും പുതിയ വിവരങ്ങൾ ആവശ്യമാണെന്ന് ഹാരിസ് ബീരാൻ എം.പി വാദിച്ചു.
കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം രാജ്യത്തെ ആസ്തികളുടെയും അധികാര സ്ഥാനങ്ങളുടെയും വലിയൊരു ഭാഗം ഒരു ചെറിയ വിഭാഗത്തിന്റെ കൈകളിൽ ഒതുങ്ങുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സർക്കാർ പത്ത് വർഷത്തിലൊരിക്കൽ കൃത്യമായി സെൻസസ് നടത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരികയാണ് 'സെൻസസ് അമെൻഡ്മെന്റ് ബിൽ, 2024' ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us