/sathyam/media/media_files/2026/02/23/idfc-2026-02-23-14-19-29.jpg)
ഛണ്ഡീഗഡ്: ഹരിയാന സർക്കാർ അക്കൗണ്ടുകളിൽ നിന്ന് 590 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വെളിപ്പെടുത്തി.
ബാങ്കിന്റെ ഛണ്ഡീഗഡ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ ബാങ്ക് സസ്‌പെൻഡ് ചെയ്തു.
ഹരിയാന സർക്കാർ വകുപ്പുകളിലൊന്ന് തങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ച് തുക മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് തിരിമറി ശ്രദ്ധയിൽപ്പെട്ടത്.
സർക്കാർ രേഖകളിലെ തുകയും ബാങ്ക് അക്കൗണ്ടിലെ യഥാർത്ഥ ബാലൻസും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് ഫെബ്രുവരി 18 മുതൽ മറ്റ് സർക്കാർ വകുപ്പുകളുടെ അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണ് ഏകദേശം 590 കോടി രൂപയുടെ കുറവ് കണ്ടെത്തിയത്.
സംഭവത്തിൽ ബാങ്ക് പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനായി സ്വതന്ത്ര ഏജൻസിയെ ഫോറൻസിക് ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
തട്ടിപ്പ് നടത്തിയ ജീവനക്കാർ മറ്റ് വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
സംശയകരമായ രീതിയിൽ പണം കൈമാറ്റം ചെയ്യപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകളോട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആവശ്യപ്പെട്ടു.
ഈ തട്ടിപ്പ് ഛണ്ഡീഗഡ് ശാഖയിലെ ഹരിയാന സർക്കാരുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ടുകളിൽ മാത്രമാണ് നടന്നതെന്നും ബാങ്കിന്റെ മറ്റ് ഇടപാടുകാരെ ഇത് ബാധിക്കില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
സെബി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും വിവരം അറിയിച്ചിട്ടുണ്ട്.
പണം തിരിച്ചുപിടിക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനിടെ, ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്വകാര്യ ബാങ്കുകളിലുള്ള സർക്കാർ നിക്ഷേപങ്ങൾ പിൻവലിക്കാൻ ഹരിയാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us