ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ 600ഓളം ആശുപത്രികൾ.
ഫെബ്രുവരി മൂന്ന് മുതൽ ഹരിയാനയിലെ 600ലധികം സ്വകാര്യ ആശുപത്രികൾ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം രോഗികളെ ചികിത്സിക്കുന്നത് നിർത്തുമെന്ന് സംസ്ഥാന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രഖ്യാപിച്ചു.
ചികിത്സാ ഇനത്തിൽ 400 കോടി രൂപയോളം കുടിശിക ആയതോടെയാണ് ഈ തീരുമാനം. നിലവിൽ ഹരിയാനയിലെ ഏകദേശം 1,300 ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുണ്ട്. അതിൽ 600 എണ്ണം സ്വകാര്യ മേഖലയിലാണ്. ഇവർക്ക് മാത്രമാണ് 400 കോടിയോളം കുടിശികയായത്.
സ്വകാര്യ ആശുപത്രികൾ നിരവധി മാസങ്ങളായി റീഇംബേഴ്സസ്മെന്റ്റിനായി കാത്തിരിക്കുകയാണെന്ന് ഐഎംഎ ഹരിയാനയുടെ പ്രസിഡൻ്റ് മഹാവീർ ജെയിൻ പറഞ്ഞു.
'ആവശ്യമായ ഫണ്ടില്ലാതെ ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഏകദേശം 400 കോടി രൂപ ഇപ്പോഴും കുടിശികയുണ്ട്, ഈ ബില്ലുകൾ ആശുപത്രികൾ ഇതിനകം തന്നെ കിഴിവ് ചെയ്തിട്ടുണ്ട്. അടിസ്ഥാന പേയ്മെന്റുകൾ ലഭിച്ചില്ലെങ്കിൽ അവർക്ക് എങ്ങനെ തുടരാനാകും? അദ്ദേഹം ചോദിച്ചു.
രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് ആയുഷ്മാൻ പദ്ധതി.
സാധാരണയായി രോഗികളെ ചികിത്സിച്ച ശേഷം ആശുപത്രികൾ ഒരു ഓൺലൈൻ പോർട്ടൽ വഴി റീഇംബേഴ്‌സ്മെന്റിന് അപേക്ഷിക്കുകയും തുടർന്ന് സംസ്ഥാന സർക്കാർ വഴി ഫണ്ടുകൾ നൽകുകയുമാണ് ചെയ്യാറ്. എന്നാൽ പലയിടത്തും സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം പണം നൽകുന്നില്ല എന്ന പരാതിയുണ്ട്