ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തീയതി നീട്ടിവെക്കുന്നതിലൂടെ ബിജെപി പരാജയം സമ്മതിച്ച് കഴിഞ്ഞതായി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ. ഒക്ടോബർ 1 ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് ഭൂപീന്ദർ സിങ് ഹൂഡയുടെ പ്രതികരണം.
വോട്ടെടുപ്പ് നീട്ടിവക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതിനെ തുടർന്നാണ് നേരത്തെ നിശ്ചയിച്ച തീയതി മാറ്റിയത്. ഇത് ബിജെപിയുടെ പരാജയഭീതിയാണ് കാണിക്കുന്നതെന്നും ഭൂപീന്ദർ പറഞ്ഞു.
അതേസമയം തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റാൻ അഭ്യര്‍ഥിച്ചതെന്ന് ബിജെപി നേതാവ് അനിൽ വിജ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ച് 5 അവധികളാണ് വരുന്നത്. ഈ സാഹചര്യത്തിൽ ആളുകൾ അവധിക്കാലത്തിനോ അത്യാവശ്യ ജോലികൾക്കോ പോകാനുള്ള സാധ്യത കൂടുതലാണ്. ബിഷ്‌ണോയി സമുദായത്തിൻ്റെ പരമ്പരാഗത ആഘോഷവും ഇതിനിടയിൽ വരുന്നുണ്ട്.
ആഘോഷത്തിന്‍റെ ഭാഗമായി ഇവർക്ക് രാജസ്ഥാൻ സന്ദർശനം നടത്തുന്ന പാരമ്പര്യമുണ്ട്. ഇതും പോളിങ് ശതമാനത്തെ കാര്യമായി ബാധിക്കുമായിരുന്നുവെന്നും അനിൽ വിജ് പറഞ്ഞു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും വോട്ടെണ്ണൽ തീയതിയും തെരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവെച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലും ഒക്ടോബർ 4-ന് നടക്കാനിരുന്ന വോട്ടെണ്ണൽ ഒക്ടോബർ 8 ന് നടക്കും.