മുംബൈ: പ്രസവത്തിനിടെ ഹൃദയാഘാതം മൂലം യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനിടെ 31 കാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
കുന്ത വൈഭവ് പദ്വാലെയെന്ന യുവതിയെ ചൊവ്വാഴ്ച രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ ഉടന്‍ തന്നെ പതംഗ്ഷാ കോട്ടേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പ്രസവസമയത്ത് ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
യുവതിക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും എന്നാല്‍ പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ജവഹര്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഭരത് മഹാലെ പറഞ്ഞു.
കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.