ഹൈദരാബാദ്; ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിയില്‍ 24 പേര്‍ മരിച്ചു. ആന്ധ്രയില്‍ 15 പേരാണ് മരിച്ചത്. തെലങ്കാനയില്‍ മഴക്കെടുതിയില്‍ 9 പേര്‍ മരിച്ചു. കനത്ത മഴയില്‍ വിജയവാഡ നഗരത്തിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐടി കമ്പനികളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിര്‍ദേശം നല്‍കി.
അതേസമയം കാര്‍ വെള്ളപ്പാച്ചിലില്‍പ്പെട്ട് യുവശാസ്ത്രജ്ഞ അശ്വിനി നുനാവത് (27), അച്ഛന്‍ മോത്തിലാല്‍ നുനാവത് (50) എന്നിവര്‍ മരിച്ചു. മെഹബൂബാബാദിലെ അകേരു മാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ വെള്ളം കയറിയിരുന്നു. ഇത് വഴി കടന്ന് പോവുകയായിരുന്ന അശ്വിനിയുടെ കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോവുകയായിരുന്നു. ബംഗളൂരുവിലേക്ക് ഫ്ലൈറ്റ് മാര്‍ഗം പോകാനായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവര്‍. ഈ വര്‍ഷം ICAR - ന്റെ മികച്ച യുവശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അശ്വിനി.
അതേസമയം, പലേറില്‍ ഹെലികോപ്റ്റര്‍ വഴി കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയര്‍ലിഫ്റ്റ് ചെയ്ത് പിന്നീട് മുതിര്‍ന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂര്‍ണമായും വെള്ളത്തിലേക്ക് തകര്‍ന്ന് വീണിരുന്നു.