ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഗുപ്തകാശിയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ സാങ്കേതിക തകരാറുമൂലം റോഡില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.
ഹെലികോപ്റ്ററിന്റെ വാല്‍ഭാഗം ഒരു കാറിനെ തകര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്കും പരിക്കില്ല, പൈലറ്റിന് നിസാര പരിക്കുകള്‍ സംഭവിച്ചു.
കേദാര്‍നാഥ് ധാമിലേക്ക് അഞ്ച് യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പോകുന്നതിനിടെ ഉച്ചയ്ക്ക് 12:52 ഓടെയാണ് സംഭവം.
പറന്നുയരുന്നതിനിടെ, പൈലറ്റ് ക്യാപ്റ്റന്‍ ആര്‍.പി.എസ്. സോധി, നിയന്ത്രണ സംവിധാനത്തില്‍ തടസ്സം നേരിടുന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. കൃത്യസമയത്ത് തീരുമാനമെടുത്ത ക്യാപ്റ്റന്‍ സോധി, ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡില്‍ ലാന്‍ഡ് ചെയ്ത് അപകടം ഒഴിവാക്കി.
ജില്ലാ ടൂറിസം വികസന ഓഫീസറും ഹെലി സര്‍വീസ് നോഡല്‍ ഓഫീസറുമായ രാഹുല്‍ ചൗബെ സംഭവം സ്ഥിരീകരിച്ചു.
'ക്രെസ്റ്റല്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ അഞ്ച് യാത്രക്കാരുമായി ബഡാസു ബേസില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് പറന്നുയരുമ്പോള്‍ സാങ്കേതിക തകരാര്‍ സംഭവിച്ചു. പൈലറ്റ് കൃത്യസമയത്ത് തകരാര്‍ തിരിച്ചറിയുകയും അടുത്തുള്ള ഒഴിഞ്ഞ റോഡില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു.
ഹെലികോപ്റ്ററിന്റെ ഹാര്‍ഡ് ലാന്‍ഡിംഗ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകള്‍ വരുത്തി, പക്ഷേ സ്ഥിതിഗതികള്‍ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. ''പൈലറ്റിന്റെ ജാഗ്രത ഒരു വലിയ അപകടം ഒഴിവാക്കി,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.