ഡൽഹി: ബിഹാറിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മുസാഫർപുരിലെ ഔറായ് ഡിവിഷനിലെ നയാഗാവിലാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പൈലറ്റും മറ്റാളുകളും സുരക്ഷിതയാണെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.
രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് ഐഎഎഫ് ജവാന്മാർ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു. എഞ്ചിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമാകുകയായിരുന്നു.
പൈലറ്റിൻ്റെ മനസാന്നിധ്യം കാരണം വൻ അപകടം ഒഴിവായതായും ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ അമൃത് അറിയിച്ചു.