ഗുവാഹത്തി: മഹാരാഷ്ട്രയില്‍ ഭാഷാ തര്‍ക്കം തുടരുന്നതിനിടെ, അസമിലും ഭാഷയെ ചൊല്ലി പുതിയ വിവാദം. അസമിലെ സെന്‍സസ് സമയത്ത് ബംഗാളി മാതൃഭാഷയായി രേഖപ്പെടുത്തണമെന്ന് ഓള്‍ ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ മൈനോറിറ്റി സ്റ്റുഡന്റ് യൂണിയന്‍ നേതാവ് മൈനുദ്ദീന്‍ അലി മുസ്ലീം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
വിദ്യാര്‍ത്ഥി നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സെന്‍സസ് രേഖകളില്‍ ബംഗാളി മാതൃഭാഷയായി രേഖപ്പെടുത്തിയാല്‍ സംസ്ഥാനത്ത് താമസിക്കുന്ന വിദേശികളുടെ എണ്ണം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
'അസമീസ് ഭാഷ അസമിന്റെ സ്ഥിരം ഔദ്യോഗിക ഭാഷയാണ്. ഭരണഘടനാ സാധുതയുള്ളതാണ്. ഭാഷയെ ബ്ലാക്ക്മെയില്‍ ആയുധമാക്കാന്‍ അനുവദിക്കില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.
'ആസാമിയെ മാതൃഭാഷയായി പട്ടികപ്പെടുത്തിയില്ലെങ്കിലും വസ്തുതകള്‍ മാറില്ല. എന്നാല്‍, ബംഗാളി മാതൃഭാഷയായി രേഖപ്പെടുത്തുന്നവര്‍ അനധികൃത വിദേശികളാണെന്നത് തെളിയിക്കപ്പെടും,' എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 25,000 ഏക്കര്‍ ഭൂമി അസമില്‍ കയ്യേറ്റങ്ങളില്‍ നിന്ന് മോചിപ്പിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അസമില്‍ സെന്‍സസ് രേഖകളില്‍ മാതൃഭാഷയുടെ രേഖപ്പെടുത്തലും അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചറിയലും, കൂടാതെ ഭൂമി മോചിപ്പിക്കല്‍ നടപടികളും സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിക്കൊണ്ടിരിക്കുകയാണ്.